കണ്ണൂർ: ( www.panoornews.in ) കണ്ണപുരം കീഴറയിലെ സ്ഫോടനക്കേസിൽ അഞ്ചാം പ്രതി അറസ്റ്റിൽ. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.


കേസിലെ പ്രതികളായ അനൂപ് മാലിക്ക്, അനീഷ്, റാഹിൽ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴികളും മൊബൈൽ വിവരങ്ങളും ബാങ്ക് ഇടപാടുകളും നോക്കിയാണ് സ്വാമിനാഥനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 30ന് പുലർച്ച 1.50ന് കണ്ണപുരം കീഴറയിൽ അനൂപ് മാലിക്ക് വാടകക്കെടുത്ത വീട്ടിലാണ് സ്ഫോടനം നടന്നത്.
സംഭവത്തിൽ വാടകവീട് തകരുകയും അനൂപ് മാലിക്കിന്റെ ബന്ധു മുഹമ്മദ് അഷം കൊല്ലപ്പെടുകയും സമീപവാസികളുടെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം അസി. പൊലീസ് കമീഷണർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ മഹേഷ്, സി.പി.ഒമാരായ അനൂപ്, റിജേഷ് കുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു.നിരവധി സ്ഫോടനക്കേസുകളിൽ പ്രതിയാണ് അനൂപ് മാലിക്ക്. ഇയാളും റാഹിലും ജയിലിലാണ്.
Kannur Kannapuram blast; Fifth accused arrested
